2021 ജൂലൈ 6, ചൊവ്വാഴ്ച

എന്റെ ജീവിതാനുഭവങ്ങളിലൂടെ... അഫീഫ് മദനി മൊറയൂർ PART 2

1995 ജൂൺ മാസം...

മദ്റസയിലും സ്കൂളിലും ചേർക്കാൻ വേണ്ടി ഉപ്പ എന്നെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി. 

അന്ന് എനിക്ക് വയസ്സ് 5. 

നേരെ മദ്രസയിലേക്ക്... 

മദ്രസയിലെ ഒരു ക്ലാസ് മുറിയിൽ ഒരു ബെഞ്ചിൽ എന്നെ കൊണ്ട് ഇരുത്തി.

ഒരു ചായ കുടിക്കാൻ വേണ്ടി തൊട്ടപ്പുറത്തു തന്നെയുള്ള ചായക്കടയിലേക്ക് ഉപ്പ പോയി.

എന്റെ മുമ്പിൽ ആണെങ്കിൽ രണ്ടാം ക്ലാസിലെ പെൺകുട്ടികൾ ഇരിക്കുന്നു. 

ആ കൂട്ടത്തിൽ പിന്നീട് എന്റെ കൂട്ടുകാരൻ ആയി മാറിയ റഫീഖിന്റെ ഏട്ടത്തി ഉണ്ട്.അവളും അവളുടെ കൂടെയുള്ള പെൺകുട്ടികളും എന്നെ നോക്കി കണ്ണുരുട്ടി ചിരിച്ചു. 😅 

അയ്യോ...ഞാനൊരു കരച്ചില് കരയാൻ തുടങ്ങി. 

ചായ കുടിക്കുന്ന ഉപ്പ ചായ മുഴുവൻ കുടിക്കാതെ വരേണ്ടി വന്നു ആ കരച്ചില് മാറാൻ.

മദ്രസയിലെ ആദ്യത്തെ അനുഭവം അതായിരുന്നു. 

പല ഉസ്താദുമാരും മദ്രസയിൽ പഠിപ്പിച്ചിട്ടുണ്ട്. 

എല്ലാവരുടെയും പേരുകൾ ഓർമ്മയില്ല. 

എങ്കിലും മറക്കാനാവാത്ത ഒരു പേരാണ് കാദർ ഉസ്താദ്.👍

അദ്ദേഹം എന്റെ നാടിന്റെ അടുത്തു തന്നെ ഉള്ള ആളാണ്.

പിന്നെ മുനീർ മദനി എന്നെ മദ്രസയിൽ പഠിപ്പിച്ചിട്ടുണ്ട്. 

ജാബിർ മൗലവി എന്ന് എല്ലാവരും ബഹുമാനത്തോടെ പറയുന്ന മുനീർ മദനിയുടെ ഉപ്പ എന്നെ മദ്രസയിൽ പഠിപ്പിച്ചതായി ഞാൻ ഓർക്കുന്നില്ല.

എന്നാൽ എന്റെ ഉപ്പയെയും എളാപ്പമാരെയും ഒക്കെ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അതുപോലെ തന്നെ ബഷീർ മൗലവി എന്ന് നാട്ടുകാർ പറയുന്ന ബഷീർ മാഞ്ചേരി നാട്ടിൽ എന്നേക്കാൾ മൂത്ത പലരെയും പഠിപ്പിച്ചിട്ടുണ്ട്. 

ബഷീർ മാഞ്ചേരി (ഞാൻ കോളേജിൽ ആയപ്പോൾ) എന്നെ കോളേജിൽ നിന്ന് പഠിപ്പിച്ചിട്ടുണ്ട്.

അതുപോലെ തന്നെ എന്റെ നാടുമായി ഇപ്പോഴും ഇടക്കിടക്ക് ബന്ധം വെച്ചു പുലർത്തുന്ന ഉസ്താദാണ് റാഫി മൗലവി.

അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒരു കാലഘട്ടം ഒരു സംഭവം തന്നെയായിരുന്നു.

അതുപോലെ തന്നെ നസീർ മൗലവി.അദ്ദേഹം അവിടെ പള്ളിയിലെ ഖത്തീബ് കൂടിയായിരുന്നു. 

ഈയടുത്ത കാലത്ത് നസീർ മൗലവിയെ ഞാൻ വീണ്ടും കാണുകയും ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നെ എനിക്ക് പേര് ഓർമയില്ലാത്ത പല ഉസ്താദുമാരും ഉണ്ട്.

എല്ലാവർക്കും നല്ലത് വരട്ടെ... 

തൊട്ടടുത്ത് തന്നെയുള്ള എൽ.പി സ്കൂളിലാണ് ഞാൻ നാലു വരെ പഠിച്ചത്.

എ.എം.എൽ.പി.എസ് കീഴ്മുറി എന്ന പേരിൽ ആ എൽ.പി സ്കൂൾ ഇന്നും തിളങ്ങി നിൽക്കുന്നു.

അന്ന് എനിക്ക് അറബി പഠിപ്പിച്ചത് മറിയുമ്മ ടീച്ചർ.

ഒരു അറബി അധ്യാപകൻ എന്ന നിലക്ക് എന്നെ ആദ്യമായി സ്കൂളിൽ അറബി പഠിപ്പിച്ച ടീച്ചറെ മറക്കാൻ സാധിക്കില്ല. 

മാത്രമല്ല ടീച്ചർ എന്റെ അയൽപക്കത്തു തന്നെയാണ്.

ഡോക്ടർ റുക്നുദ്ധീൻ ലൈസിന്റെ ഉമ്മ. 

വിദ്യാഭ്യാസ രംഗത്ത് ശോഭിക്കുകയും നല്ല ഒരു ജോലിയിൽ എത്തുകയും ചെയ്ത എന്റെ നാട്ടിലെ ചില വ്യക്തികളുടെ കൂട്ടത്തിൽ പെട്ട ഒരാളാണ് ഡോക്ടർ ലൈസ്.

അദ്ദേഹത്തിന്റെ അനിയൻ റാഷിദും അങ്ങനെ തന്നെ.വിദ്യാഭ്യാസ രംഗത്ത് ശോഭിക്കുകയും നല്ല ഒരു ജോലിയിൽ എത്തുകയും ചെയ്തു.

പിന്നെ ലത്തീഫ് മാസ്റ്റർ ഉണ്ട്.റിയാസ് മാസ്റ്റർ ഉണ്ട്.അങ്ങനെ അങ്ങനെ പലരും...

സ്കൂളിലേക്ക് പോകുമ്പോൾ ഞാൻ കൊണ്ടു പോയിരുന്നത് പോസ്റ്റുമാന്മാരുടെ കയ്യിൽ ഒക്കെ കാണപ്പെടുന്ന രൂപത്തിൽ ഉള്ള ഒരു തോളിൽ മാത്രം തൂക്കാൻ സാധിക്കുന്ന ഒരു തുണിസഞ്ചി ആയിരുന്നു. 

എഴുതാൻ ഉപയോഗിക്കുന്ന പേന ഒരു സംഭവമായിരുന്നു. 

വീട്ടിലെ 'ഉജാല' ആയിരുന്നു അതിന്റെ മഷി. 

ഫില്ലറിൽ മഷി തീരുമ്പോൾ ഉപ്പ വീണ്ടും 'ഉജാല മഷി' അതിലേക്ക് ഒഴിച്ച് തരും. 

ഈ 'ഉജാല മഷി'യുടെ പേന കൊണ്ട് കൈയ്യക്ഷരം വൃത്തിയില്ലാത്ത ഞാൻ എഴുതിയാൽ എങ്ങനെ ഉണ്ടാകും എന്ന് ആലോചിച്ചാൽ മതി.

അതുകൊണ്ടാണ് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടാം ക്ലാസിൽ ക്ലാസ് ടീച്ചറായിരുന്ന ശാന്റി ടീച്ചർ "വൃത്തിക്ക് എഴുതിക്കൂടെടാ..." എന്ന് പറഞ്ഞിട്ട് എന്റെ ചെവി പിടിച്ചു തിരുമ്മിയത്. 

ശാന്റി ടീച്ചർ മറക്കാനാവാത്ത ടീച്ചറാണ്.

ഇക്കഴിഞ്ഞ വർഷമാണ് ടീച്ചർ റിട്ടയേർഡ് ആയത്. 

എന്റെ നാടിനെ തൊട്ടറിഞ്ഞ ടീച്ചർ. 

ഞാൻ പഠിക്കുന്ന സമയത്ത് വേറെയും ടീച്ചേഴ്സ് ഉണ്ടായിരുന്നു. 

അതിൽ അന്ന് ഹെഡ്മാസ്റ്ററായി ഉണ്ടായതായി ഞാൻ ഓർക്കുന്നത് പുനൂഷ് മാസ്റ്ററാണ്.(പേരു മാറി പോയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.)

അദ്ദേഹത്തിന്റെ മകൻ ജേക്കബ് മാസ്റ്റർ അവിടെത്തന്നെ അധ്യാപകനായി ഉണ്ടായിരുന്നു.

പിന്നെ ഉണ്ടായിരുന്ന ഒരു ടീച്ചർ ഗീത ടീച്ചർ ആയിരുന്നു എന്നാണ് ഞാൻ ഓർക്കുന്നത്.(പേര് മാറി പോയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.)

മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഓടി കളിക്കുന്നതിനിടയിൽ വീണ് തല പൊട്ടിയത്.അന്ന് തലയിൽ ഉണ്ടായ ഒരു അടയാളം ഇപ്പോഴും അങ്ങനെ തന്നെ ഒരു ഓർമയായി അവശേഷിക്കുന്നുണ്ട്.

നാലാം ക്ലാസ് കഴിഞ്ഞപ്പോൾ കുറച്ചപ്പുറത്തുള്ള ഒഴുകൂർ നെരവത്ത് ഗവൺമെൻറ് യു.പി സ്കൂളിൽ എന്നെ ചേർത്തു.

അന്നവിടെ ഉച്ചക്ക് ചോറും ചെറുപയർ കറിയും കിട്ടും. 

അതാണ് അന്ന് കഴിച്ചിരുന്ന നല്ല ഒരു ഭക്ഷണം.

തൊട്ടപ്പുറത്തുള്ള ഒരു ഹോട്ടലിൽ രണ്ടു രൂപക്ക് പൊറാട്ടയും സാൽനയും കിട്ടുമായിരുന്നു. 

ഒരു പൊറോട്ട കഴിക്കണമെന്ന ആഗ്രഹം കൊണ്ട് കുറെ നടന്നിരുന്നു.

അവസാനം ഒരു രണ്ടു രൂപ ഒപ്പിച്ചു.

ആ ഹോട്ടലിൽ പോയി ഒരു പൊറാട്ടയും സാൽനയും കഴിച്ചു.

അത് കഴിച്ച് തിരിച്ചിറങ്ങുമ്പോൾ ഉണ്ടായിരുന്ന ഒരു അനുഭൂതി!!! 

ഹോ...വിവരിക്കാൻ വയ്യ.

യു.പി സ്കൂളിൽ എന്നെ പഠിപ്പിച്ച പല ടീച്ചേഴ്സും ഉണ്ട്.

അതിൽ ദാവൂദ് മാസ്റ്ററുടെ പേരാണ് ഓർമ്മയിലുള്ളത്. 

അദ്ദേഹം നല്ലൊരു അധ്യാപകനായിരുന്നു.

അതുപോലെ തന്നെ ഞങ്ങൾക്കെല്ലാം ഇഷ്ടമായിരുന്ന മറ്റൊരു അധ്യാപകനായിരുന്നു സയൻസ് മാസ്റ്റർ.പക്ഷേ !അദ്ദേഹത്തിന്റെ പേര് ഞാനിപ്പോൾ ഓർമിക്കുന്നില്ല.

ഒരു കണക്ക് മാസ്റ്റർ ഉണ്ടായിരുന്നു.

"ഇയാൾക്ക് പഠിപ്പിക്കാൻ ഒന്നുമറിയില്ല.ഇയാളൊക്കെ എങ്ങനെ മാഷായി..." എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്.

പക്ഷേ അദ്ദേഹം നല്ല അറിവുള്ള അധ്യാപകൻ ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

പക്ഷേ കുട്ടികളെ പഠിപ്പിക്കുന്നതിൽ അദ്ദേഹം കുറച്ചു പരാജയപ്പെട്ടിരുന്നു എന്ന് വേണമെങ്കിൽ പറയാം.

അദ്ദേഹത്തെ ഓർക്കുമ്പോഴാണ് നിലവിൽ എന്റെ കൂടെ വർക്ക് ചെയ്യുന്ന രാജീവൻ മാസ്റ്ററെ പോലെയുള്ള ഗണിത അധ്യാപകരുടെ മികവ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കാരണം; ഗണിത അധ്യാപകൻ ആവുക എന്നുള്ളത് തന്നെ ഒരു ഹൈ ക്വോളിറ്റി ആണ്.ഗണിതം നല്ല രൂപത്തിൽ പഠിപ്പിക്കാൻ സാധിക്കുക എന്നുള്ളതാവട്ടെ വെരി വെരി ഹൈ ക്വാളിറ്റി ആണ്. 

യു.പി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അനിയത്തി ചെറിയ കുഞ്ഞാണ്. 

അവളെ തൊട്ടിലിൽ ആട്ടി ഉറക്കാറുള്ളത് മിക്കവാറും ഞാൻ തന്നെയാണ്.

ഒരു ദിവസം അവളെ ഉറക്കിയ ശേഷം വെറുതെ നിൽക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ഒരു സ്ക്രൂഡ്രൈവർ എടുത്തു.ആ സ്ക്രൂഡ്രൈവറിന്റെ പിൻവശം പൊട്ടിയത് കൊണ്ട് അതിന്റെ ഇരുമ്പുകമ്പി പിൻവശത്തേക്ക് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു.ഞാൻ അത് എടുത്ത് പ്ലെഗ്ഗിൽ കുത്തി.പിന്നെ കറണ്ട് ഉണ്ടോ എന്ന് നോക്കാൻ ആ പിൻവശത്തുള്ള ഇരുമ്പുകമ്പിയിൽ തൊട്ടു!!! 

ഭാഗ്യത്തിന് കരണ്ട് അങ്ങോട്ടു വലിക്കാതെ തള്ളുകയാണ് ചെയ്തത്. 

തെറിച്ച് ഉറങ്ങുന്ന കുട്ടിയുടെ മേലാണ് ഞാൻ വീണത്.

അത് അന്നത്തെ ഒരു പൊട്ടത്തരം.😅

അത് അഞ്ചാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്നാണ് എന്റെ ഓർമ്മ.

ആ വർഷങ്ങളിലൊക്കെ ഉച്ച സമയത്താണ് ഉമ്മയും മൂത്തമ്മയുമൊക്കെ അലക്കാൻ പോവുക. 

ആ സമയത്ത് കുട്ടി തൊട്ടിൽ ഉറങ്ങുകയായിരിക്കും.

അപ്പോൾ കുട്ടിയെ നോക്കാൻ വേണ്ടി "ചോദിച്ചിട്ട് നീ നേരത്തെ വാ..." എന്ന് എന്നോട് ഉമ്മ പറഞ്ഞിരുന്നു. 

ഞാൻ സ്കൂളിലേക്ക് പോയി ഉച്ച കഴിഞ്ഞിട്ട് ചോദിക്കാൻ പേടിച്ചിട്ട് ചോദിക്കാതെ പോന്നു. 

കുട്ടിയെ നല്ല ഉഷാറായി നോക്കി.

പക്ഷേ! പിറ്റേ ദിവസം സ്കൂളിൽ എത്തിയപ്പോൾ "ഇനി കുട്ടിയെ നോക്കി വീട്ടിൽ ഇരുന്നാൽ മതി..." എന്ന് പറഞ്ഞിട്ട് ആ ദിവസം ക്ലാസിനു പുറത്തു നിർത്തി.😅

യു.പി സ്കൂളിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും നടന്നു കൊണ്ടായിരുന്നു.ഒരു ഒന്ന് ഒന്നര കിലോമീറ്റർ നടക്കാൻ ഉണ്ടാകും. 

എങ്കിലും മിക്കവാറും നടക്കാൻ എന്റെ കൂട്ടുകാർ ആയിരുന്ന റഫീക്കും റഹീമും ഗഫൂറും മൻസൂറും ഒക്കെ ഉണ്ടാകും.

അന്നൊക്കെ ഇടക്ക് റഫീഖ് ഓരോന്ന് പറഞ്ഞു കൊണ്ട് കളിയാക്കും.

ഞാൻ അന്നൊരു ദുർബല ഹൃദയൻ ആയതു കൊണ്ട് വേഗം കരയും.

ആ കരച്ചിൽ കാണാൻ വേണ്ടി തന്നെയാണ് പലപ്പോഴും റഫീഖ് അങ്ങനെ ചെയ്തിരുന്നത്.

ആ കാലമൊക്കെ കഴിഞ്ഞു. 

ഹൃദയത്തിന്റെ ദൗർബല്യവും നൈർമല്യവും ഒക്കെ പോയി. 😌

യു.പി സ്കൂൾ കഴിഞ്ഞപ്പോൾ തൊട്ടപ്പുറത്ത് തന്നെ ഉള്ള ഹൈസ്കൂളിൽ എന്നെ ചേർത്തു.

അവിടുന്ന് കുറച്ചു കൂടി നടന്നാൽ എന്റെ വലിയ അമ്മായിയുടെ വീട് എത്തുമായിരുന്നു. 

ആ ഒരു വർഷം മുഴുവൻ വലിയ അമ്മായിയുടെ മകന്റെ കൂടെ ഉച്ചക്ക് ചോറ് തിന്നാൻ അവിടേക്ക് പോകും.

വലിയ അമ്മായി ആണെങ്കിൽ അന്നാണെങ്കിലും ഇന്നാണെങ്കിലും എന്റെ വല്യമ്മയുടെ സ്ഥാനത്ത് നിന്ന് എന്നെ നോക്കിയിരുന്നു.  

ഭയങ്കര സ്നേഹമാണ്.
ഭയങ്കര വാത്സല്യമാണ്. 

അന്ന് അവിടുന്നാണ് എന്റെ വീട്ടിൽ നിന്ന് കിട്ടുന്നതിനേക്കാൾ നല്ല ഭക്ഷണം കിട്ടിയിരുന്നത്. 

അതൊരു ഓർമ്മ തന്നെയാണ്.

എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണ് വീട്ടിലെ അവസ്ഥകൾ കൊണ്ട് എന്നെ ഓർഫനേജിൽ ചേർക്കാം എന്ന് ചർച്ച ഉണ്ടായത്.

ഓർഫനേജിൽ ആയാൽ കുറച്ചു കൂടി എനിക്ക് അടുക്കും ചിട്ടയും ഉണ്ടാകുമെന്നും സൂചിപ്പിക്കപ്പെട്ടു.

അങ്ങനെ എന്റെ വല്ല്യമ്മാന്റെ അനിയത്തിയുടെ മകൻ കൂടിയായ ലത്തീഫ് മാസ്റ്റർ മുൻകൈയ്യെടുത്ത് എന്നെ പുളിക്കൽ ഓർഫനേജിൽ ചേർത്തു. 

എന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവായിരുന്നു ഓർഫനേജ് ജീവിതം.

അടുത്ത എപ്പിസോഡ്...ഓർഫനേജ് ജീവിതം
إن شاء الله

രാവിലെ തന്നെ ആവേശത്തോടെ കുളിച്ചു മാറ്റി.ഡ്രസ്സുകൾ എല്ലാം തലേന്ന് രാത്രി തന്നെ ബാഗിൽ എടുത്തു വെച്ചിട്ടുണ്ടായിരുന്നു.ഉത്സാഹത്തോടെ ഉപ്പയുടെ കൂടെ പുളിക്കലിലേക്ക്... 

പുളിക്കലിന്റെ തൊട്ടപ്പുറത്തുള്ള പെരിയമ്പലം ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി.ഓട്ടോ സ്റ്റാൻഡിൽ ചെന്ന് "ഓർഫനേജ്..." 

ഇതുവരെ കാണാത്ത മനസ്സിൽ ഒരുപാട് പ്രതീക്ഷകൾ വെച്ചു പുലർത്തുന്ന ഓർഫനേജിലേക്ക് ഓട്ടോറിക്ഷ മൂന്ന് ചക്രങ്ങൾ കൊണ്ട് ആ കയറ്റം കയറി.

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ ചാരത്തു കൂടി മുന്നോട്ടു പോയി പുളിക്കൽ മദീനത്തുൽ ഉലൂം ഓർഫനേജിന്റെ ഗേറ്റ് കടന്ന് ഓർഫനേജ് മുറ്റത്തെത്തി.

നിരവധി റൂമുകളുള്ള ഒരു ബിൽഡിംഗ്...

∏ മോഡലുള്ള ബിൽഡിംഗ്...

കയറിച്ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം കാണുന്ന റൂം ഓഫീസ് റൂം.

ഇടതുവശത്ത് ആദ്യം കാണുന്ന റൂം സ്റ്റാഫ് റൂം.

പിന്നെ കുട്ടികൾ താമസിക്കുന്ന നിരവധി റൂമുകൾ...

കുട്ടികൾ താമസിക്കുന്ന ഓരോ റൂമിനും നമ്പറുകൾ...

എന്നെ ആദ്യം താമസിപ്പിച്ചത് നാലാം റൂമിൽ ആയിരുന്നു.

പിന്നീട് ഒമ്പതാം റൂമിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

അവിടെ താമസിച്ച ഓരോ കുട്ടികൾക്കും അവർ താമസിച്ച റൂമുമായി അഭേദ്യമായ ബന്ധമുണ്ടാകും.

ഓർഫനേജ് ജീവിതം എന്ന് പറയുമ്പോൾ എന്തോ ഒരു ജീവിതം എന്ന് ചിലർ കരുതിയേക്കാം...

എന്നാൽ പുളിക്കൽ ഓർഫനേജിലെ ജീവിതം ജീവിക്കാൻ പഠിപ്പിച്ച ജീവിതമാണ്...

ഇല്ലായ്മയിൽ ഉള്ളതു കൊണ്ട് ജീവിക്കാനും ഉള്ളപ്പോൾ ഉള്ളത് അനുഭവിച്ചു ജീവിക്കാനും പഠിപ്പിച്ച ജീവിതം...

ജീവിതത്തിലെ ഏതു സന്ദർഭത്തെയും തരണം ചെയ്ത് ജീവിക്കാൻ പഠിപ്പിച്ച ജീവിതം. 

അവിടെ പഠിച്ച എല്ലാ കുട്ടികളുടെയും അവസ്ഥ അങ്ങനെ തന്നെയായിരിക്കും. 

എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത് ഓർഫനേജ് ജീവിതമായിരുന്നു.

ഓർഫനേജ് ജീവിതം ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ മറ്റെന്തോ ആയിരിക്കും...
(والله أعلم) 

ഒരു ഉദാഹരണം പറഞ്ഞാൽ 

സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും വളരെ കുറച്ചു മാത്രം മാർക്ക് വാങ്ങിക്കൊണ്ടിരുന്ന എനിക്ക് പത്താം ക്ലാസ് കഴിയുമ്പോൾ ഗണിതം അടക്കം എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് വാങ്ങാൻ സാധിച്ചത് ഓർഫനേജിൽ പഠിച്ചത് കൊണ്ട് മാത്രമാണ്.

ഓർഫനേജിന്റെ പഴയ ശോഭ ഇപ്പോൾ ഇല്ല എന്നുള്ളത് ഒരു ശരി തന്നെയാണ്.

എങ്കിലും നൂറോളം കുട്ടികൾ താമസിച്ചിരുന്ന അന്ന് അവിടുത്തെ ജീവിതം പൊലിമയുള്ളത് തന്നെയായിരുന്നു. 

സുബഹി ബാങ്ക് കൊടുത്താൽ വാർഡൻ എല്ലാ റൂമിലും വന്നു വാതിലിൽ മുട്ടി എല്ലാവരെയും ഉണർത്തും.എല്ലാവരും ബ്രഷ് എടുത്തു പല്ല് തേക്കുന്നു.മൂത്രമൊഴിച്ച് ഫ്രഷ് ആയി വുദു എടുത്തു തൊട്ടപ്പുറത്തുള്ള കോളേജ് പള്ളിയിലേക്ക് നടക്കുന്നു.പള്ളിയിൽ പോയി സുബഹി നിസ്കരിക്കുന്നു.സുബഹി നിസ്കാരം കഴിഞ്ഞാൽ അല്പസമയം ഖുർആൻ ഓതി ഇരിക്കുന്നു.പിന്നെ ഓർഫനേജിലേക്ക് തന്നെ തിരിച്ചു വന്നു ഒരു ലഘു ചായ കുടിക്കുന്നു.പിന്നെ നിരന്നു കിടക്കുന്ന കക്കൂസുകളിലേക്ക് ഓരോരുത്തരായി പോകുന്നു.ഇപ്പുറത്ത് വരിവരിയായി നിൽക്കുന്ന പൈപ്പുകളിലേക്ക് ബക്കറ്റും സോപ്പുമായി ചെന്ന് ഓരോരുത്തരായി കുളിക്കുന്നു.അപ്പുറത്ത് നീണ്ടുകിടക്കുന്ന അലക്ക് കല്ല്.ഒരേസമയം പത്തോളം ആളുകൾക്ക് അലക്കാൻ സാധിക്കും.അത്യാവശ്യമായി അലക്കാൻ ഉള്ളവർ അപ്പോൾ അലക്കും.അല്ലാത്തവർ സ്കൂൾ ഇല്ലാത്ത ദിവസം ഒന്നിച്ച് അലക്കും.

നനയും കുളിയും കഴിഞ്ഞാൽ ഡ്രസ്സ് മാറ്റി മദ്രസയിലേക്ക്...

രണ്ടുമണിക്കൂർ മദ്രസ കഴിഞ്ഞ് വന്നാൽ ബ്രേക്ക് ഫാസ്റ്റ്...

ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പത്തു മണി ആകുമ്പോഴേക്കും തൊട്ടപ്പുറത്തുള്ള സ്കൂളിലേക്ക്... 

സ്കൂളിൽ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്നുണ്ട്. 

ആ കൂട്ടത്തിൽ ഓർഫനേജ് കുട്ടികളും പഠിക്കുന്നു എന്ന് മാത്രം.

ഉച്ചക്ക് സ്കൂളിൽ നിന്നും തൊട്ടപ്പുറത്തു തന്നെയുള്ള കോളേജ് പള്ളിയിലേക്ക് പോയി ളുഹ്റ് നിസ്കരിച്ചിട്ട് ഓർഫനേജിലേക്ക് പോയി ഉച്ച ഭക്ഷണം കഴിക്കുന്നു.വീണ്ടും നേരെ സ്കൂളിലേക്ക് തന്നെ...

വൈകുന്നേരം സ്കൂൾ വിട്ട് നേരെ പള്ളിയിൽ പോയി അസർ നിസ്കരിക്കുന്നു.അസർ നിസ്കരിച്ച് കഴിഞ്ഞാൽ ഓർഫനേജിലേക്ക് തന്നെ പോയി ചായയും കടിയും തിന്നുന്നു. 

പിന്നെ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിന് തൊട്ടു മുമ്പ് വരെ കളി...

ക്രിക്കറ്റ് കളിക്കുന്നവരുണ്ട്.ഫുട്ബോൾ കളിക്കുന്നവരുണ്ട്.ഷട്ടിൽ കളിക്കുന്നവരുണ്ട്. കളി കണ്ട് ആസ്വദിക്കുന്നവരുണ്ട്.സ്വറ പറഞ്ഞു നടക്കുന്നവരുണ്ട്. 

മഗ്രിബ് ബാങ്ക് കൊടുക്കാൻ ആയാൽ കയ്യും കാലും കഴുകി പള്ളിയിലേക്ക്..

മഗ്‌രിബ് നിസ്കരിച്ച് കഴിഞ്ഞ് ഓർഫനേജിലേക്ക് എത്തി ഓർഫനേജ് വരാന്തയിൽ വരിവരിയായി ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ ഇരുന്നു ഡെസ്ക്കുകളിൽ പുസ്തകം വെച്ച് സ്കൂളിലെയും മദ്രസയിലെയും
പുസ്തകങ്ങൾ വായിച്ചു പഠിക്കുന്നു.എഴുതാനുള്ളത് എഴുതുന്നു.

കോളേജ് പള്ളിയിൽ 9 മണിക്കാണ് ഇശാ നിസ്കാരം.

9 മണിക്ക് തൊട്ടു മുമ്പ് വായന നിർത്തി പള്ളിയിലേക്ക് പോയി ഇശാ നിസ്കരിക്കുന്നു.

ഇശാ നിസ്കരിച്ച് കഴിഞ്ഞ് ഓർഫനേജിൽ എത്തിയാൽ രാത്രി ഭക്ഷണം...

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഓരോരുത്തരും സ്വന്തം റൂമുകളിലേക്ക് ചെന്ന് ചെറുതായി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സംസാരിച്ച് ഇരിക്കുന്നു. 

പിന്നീട് കിടന്നുറങ്ങുന്നു... 

ചിട്ടയായ ഒരു ജീവിതം പഠിച്ചത് ഓർഫനേജിൽ നിന്നാണ്.

വ്യത്യസ്ത നാടുകളിലുള്ള ഒരുപാട് കൂട്ടുകാരെ കിട്ടിയത് ഓർഫനേജിൽ നിന്നാണ്...

ഓർഫനേജിലെ ബന്ധങ്ങൾ മറക്കാനാവാത്ത ബന്ധങ്ങൾ ആണ്.

ഇന്നും നിലനിൽക്കുന്ന ബന്ധങ്ങൾ ആണ്... 

അവസാനിപ്പിക്കാനാവാത്ത ബന്ധങ്ങൾ ആണ്...

ഓർഫനേജിലെ ഭക്ഷണം പൊതുവേ നല്ല ഭക്ഷണം ആയിരുന്നു.

അനാഥ-അഗതി മന്ദിരം എന്ന രൂപത്തിൽ ഒരുപാട് നല്ല ആളുകൾ സാമ്പത്തികമായി സഹായിക്കുന്നത് കൊണ്ടായിരുന്നു നല്ല ഭക്ഷണം അവിടെ തയ്യാറാക്കാൻ സാധിച്ചിരുന്നത്.

ഓരോ ദിവസവും വ്യത്യസ്ത ഐറ്റങ്ങൾ ആയിരുന്നു ബ്രേക്ക്ഫാസ്റ്റ് ആയിട്ട് ഉണ്ടായിരുന്നത്.

ഉച്ചക്ക് പൊതുവേ ചോറും പച്ചക്കറിയും.

വൈകുന്നേരം ചായയുടെ കൂടെ ലഘു കടികൾ ഓരോ ദിവസവും ഓരോന്നോരോന്നായി... 

രാത്രിയിലെ ചോറിന്റെ കൂടെ മീൻകറി കിട്ടുന്നതായിരുന്നു ഒരുപാട് കുട്ടികൾക്ക് വലിയ ഇഷ്ടം ഉണ്ടായിരുന്നത്.

ഓർഫനേജിന്റെ സ്ഥാപകൻ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രൂപത്തിലുള്ള ഒരു മഹാ വ്യക്തിത്വം അവിടെ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു.അദ്ദേഹമാണ് ഓർഫനേജിനെ അങ്ങനെ ആക്കി തീർക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്.അതാണ് കെ എൻ ഇബ്രാഹിം മൗലവി.

അദ്ദേഹം പിന്നീട് മരണപ്പെട്ടു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും കൊടുക്കട്ടെ... 

അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന കമറുദ്ദീൻ കാക്ക ഇന്നും അവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു.

അല്ലാഹു അദ്ദേഹത്തിന് നല്ലതു പ്രധാനം ചെയ്യട്ടെ... 

അവിടെ മുഖ്യ വാർഡൻ ആയിട്ട് ഉണ്ടായിരുന്നത് പഴ വാർഡൻ [പഴയ വാർഡൻ] എന്ന് കുട്ടികൾ പറഞ്ഞിരുന്ന ഇബ്രാഹിം സാറായിരുന്നു.

അദ്ദേഹവും പിന്നീട് മരണപ്പെട്ടു.

അല്ലാഹു അദ്ദേഹത്തിനും മഗ്ഫിറത്തും മർഹമത്തും കൊടുക്കട്ടെ...
 
മുഖ്യ വാർഡനു പുറമേ കുട്ടികളെ മുഴുവൻ സമയവും നോക്കുന്ന വാർഡൻ ആയിട്ട് ഉണ്ടായിരുന്നത് സമദ് മൗലവി ആയിരുന്നു.

സമദ് മൗലവിക്ക് ശേഷം അബ്ദുല്ല മൗലവിയായിരുന്നു വാർഡൻ. 

ഞാൻ ഓർഫനേജിൽ എത്തി ഒരു മാസം കഴിഞ്ഞപ്പോഴേക്കും സമദ് മൗലവി അവിടം വിട്ടു ഗൾഫിലേക്ക് പോയിട്ടുണ്ട്. 

പക്ഷേ! സമദ് മൗലവി എന്ന വാർഡൻ കുട്ടികളിൽ ചെലുത്തിയ സ്വാധീനം പോലത്ത ഒരു സ്വാധീനം വേറെ ഒരു വാർഡനും അവിടെ ചെലുത്താൻ സാധിച്ചിട്ടില്ല.

അദ്ദേഹം പിരിഞ്ഞുപോകുന്ന അന്ന് കുട്ടികൾ മൊത്തം സങ്കടപ്പെടുകയും ഒരുപാട് കുട്ടികൾ സങ്കടം സഹിക്കാനാവാതെ കരയുകയും ചെയ്തു എന്നത് മാത്രം മതി അദ്ദേഹത്തിന്റെ സ്വാധീനം മനസ്സിലാക്കാൻ... 

അതിന് കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വവും അദ്ദേഹത്തിന്റെ വേറിട്ട സമീപനവും ആയിരുന്നു. 

അബ്ദുള്ള മൗലവിക്ക് ശേഷവും വേറെയും വാർഡൻമാർ മാറിമാറി വന്നിട്ടുണ്ട്.

അതേസമയം വാർഡൻമാർ എന്ന ഒരു സ്ഥാനത്ത് അല്ലെങ്കിൽ പോലും കുട്ടികളെ നോക്കിക്കൊണ്ട് അവിടെ ഉണ്ടായിരുന്ന വേറെ ചിലരുണ്ട്.അവരാണ് യാസർ പകരയും സൈനു മൗലവിയും ഹാരിസ് കായക്കൊടിയും.

ഓർഫനേജ് ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത സ്ഥാനം അവർക്കുണ്ട്. 

അവരവിടെ കിരീടം വെക്കാത്ത രാജാക്കന്മാർ ആയിരുന്നു.

ഔദ്യോഗികമായ വാർഡൻ ഷിപ്പ് ഇല്ലെങ്കിലും അവരായിരുന്നു യഥാർത്ഥ വാർഡൻമാർ. 

അവർ അവിടെ ഉണ്ടായിരുന്ന വർഷങ്ങളിൽ അവിടെ പഠിച്ച ഒരു കുട്ടിക്കും അവരുടെ പേര് മറക്കാൻ സാധിക്കില്ല.

ഇന്ന് അവരൊക്കെ അവരുടെ നാടുകളിൽ അവരുടേതായ ജോലികളിലാണ്.

അവർക്കെല്ലാം നല്ലതു വരട്ടെ...

അന്ന് നാലാം റൂമിലെ എന്റെ സഹപാഠികൾ ഉണ്ട്. 

ഒമ്പതാം റൂമിലെ എന്റെ സഹപാഠികൾ ഉണ്ട്.

എന്റെ സ്കൂളിലെ സഹപാഠികൾ ഉണ്ട്.

ഓർഫനേജിൽ എനിക്ക് സീനിയറായി കൊണ്ടും ജൂനിയറായി കൊണ്ടും പഠിച്ചു കൊണ്ടിരുന്ന കൂട്ടുകാർ ഉണ്ട്.

ഓരോരുത്തരുടെ പേരുകൾ എടുത്തു പറയാൻ ദൈർഘ്യഭയം എന്നെ സമ്മതിക്കുന്നില്ല.

ഇന്ന് ഓരോരുത്തരും വ്യത്യസ്ത നാടുകളിലാണ്...വ്യത്യസ്ത ജോലികളിലാണ്..

എല്ലാവർക്കും നല്ലതു വരട്ടെ... 

ആ കൂട്ടത്തിൽ മരിച്ചു പോയതായി എനിക്ക് ഓർക്കാൻ സാധിക്കുന്നത് വയനാട്ടിലെ ബജീൽ മാത്രമാണ്.

അല്ലാഹു അവനു മഗ്ഫിറത്തും മർഹമത്തും കൊടുക്കട്ടെ... 

ഓർഫനേജ് ബന്ധങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്ന ബന്ധം പറമ്പിൽ പീടിക സലീമുമായി ആണ്. 

യഥാർത്ഥത്തിൽ സലീം എന്നേക്കാൾ രണ്ടു വർഷം സീനിയറാണ്.പക്ഷേ! പ്ലസ് ടു കഴിഞ്ഞ് അറബി കോളേജിൽ ഒന്നാം വർഷം തന്നെ അവൻ ചേർന്നപ്പോൾ ഞങ്ങൾ ഒരേ ക്ലാസിൽ ആയി.പിന്നീട് ഏഴുവർഷം ഒന്നിച്ചാണ് പഠിച്ചത്.

ഓർഫനേജിൽ പൊതുവേ ഞാനൊരു അച്ചടക്കമുള്ള കുട്ടി ആയിരുന്നു.

ഞാൻ പത്താം ക്ലാസ് കഴിഞ്ഞ വർഷം അതുവരെ ഉണ്ടായിരുന്ന ഒരു സിസ്റ്റം ഓർഫനേജ് മാറ്റി.അഥവാ പത്താം ക്ലാസ്സിനു ശേഷം കോളേജിൽ പഠിക്കുന്ന കുട്ടികളായി ഓർഫനേജിൽ നിൽക്കേണ്ടതില്ല.നിലവിൽ കോളേജ് കുട്ടികളായി അവിടെ ഉള്ളവരൊക്കെ പിരിഞ്ഞുപോകുക എന്ന നിലപാട് സ്വീകരിച്ചു.കോളേജ് കുട്ടികളെയെല്ലാം പിരിച്ചു വിട്ടു.പക്ഷേ! എന്റെ വീട്ടിലെ സാഹചര്യത്തിൽ എനിക്ക് ഓർഫനേജിൽ തന്നെ താമസിച്ചു കൊണ്ട് കോളേജിൽ പഠിച്ചേ മതിയാവൂ എന്നായിരുന്നു.അങ്ങനെ ഞാനന്ന് ഓർഫനേജിന്റെ ചുമതല ഉണ്ടായിരുന്ന ശാക്കിർ മൗലവിയെ പോയി കണ്ടു.അങ്ങനെ എന്നെ മാത്രം ഓർഫനേജിൽ തന്നെ താമസിച്ച് കോളേജിൽ പോകാൻ അനുവദിച്ചു. 

പിന്നീട് സലീമിനും താമസിക്കാൻ അനുവാദം ലഭിച്ചു.

അങ്ങനെ ഞങ്ങൾ ഒന്നിച്ച് താമസിക്കുകയും ഒന്നിച്ച് കോളേജിൽ പഠിക്കുകയും ചെയ്തു.

കോളേജ് കുട്ടികളായി ഞങ്ങൾ മാത്രം ആയതു കൊണ്ട് യാസർ മൗലവിയുടെയും സൈനു മൗലവിയുടെയും ഹാരിസ് കായക്കൊടിയുടെയും കൂടെ സഹവസിച്ച് താമസിക്കാൻ സാധിച്ചു. 

അങ്ങനെയിരിക്കെയാണ് എന്റെ വലത്തെ കൈ മൂന്നാമത്തെ തവണയും പൊട്ടുന്നത്.

ഒന്നാമത്തെ തവണ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് ബോൾ മുകളിലേക്ക് എറിഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തു വീണാണ് കൈ പൊട്ടിയത്.

അത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും അനിയത്തിയെ തോളിലേറ്റി നടക്കുമ്പോൾ ഓലമട്ടൽ തടഞ്ഞു വീണു രണ്ടാമതും കൈ പൊട്ടി.

പിന്നീട് ഒരു മൂന്നു വർഷത്തിനു ശേഷം ഓർഫനേജിൽ സലീമുമായി തമാശക്ക് മൽപ്പിടുത്തം നടത്തുമ്പോൾ സലീം കാലിന് വള്ളി വെച്ച് 'ഫൗൾ ചെയ്ത്' വീഴ്ത്തി.അങ്ങനെയാണ് മൂന്നാമതും കൈ പൊട്ടിയത്. 

ഓർഫനേജിൽ വെച്ച് തന്നെയാണ് എനിക്ക് എന്റെ ഒരു പല്ല് നഷ്ടപ്പെട്ടത്.

അത് കളിക്കുന്നതിനിടയിൽ ഒരു കൂട്ടുകാരൻ കല്ലെറിഞ്ഞത് കറക്റ്റ് എന്റെ മുൻനിരയിലെ പല്ലിന് തന്നെ കൊണ്ടു പല്ല് പകുതി പൊട്ടി വീണു.ബാക്കി പകുതി തൂങ്ങി നിന്നു.ആ പല്ല് പൂർണമായും പറിക്കേണ്ടി വന്നു.പല്ലു വരുന്ന വയസ്സ് കഴിഞ്ഞതിനാൽ പിന്നീട് അവിടെ പല്ലു വന്നിട്ടില്ല.കൃത്രിമ പല്ല് വെക്കുകയാണ് ചെയ്തത്. 

എന്റെ മുൻ പല്ലുകൾ അല്പം മുന്നോട്ടു തള്ളിനിൽക്കുന്ന ആ ഒരു സമയത്ത് ഹോസ്പിറ്റലിൽ കൊണ്ടു പോയി അതു പിടിച്ചു കെട്ടാനും പല്ല് നഷ്ടപ്പെട്ട സ്ഥാനത്ത് കൃത്രിമ പല്ല് വെക്കാനും അതെല്ലാം സാമ്പത്തികമായി ഏറ്റെടുത്ത് ചെയ്ത് തന്നത് യാസർ പകരയാണ്. 

അതിനെല്ലാം അല്ലാഹു പ്രതിഫലം നൽകട്ടെ... 

ഓർഫനേജിൽ നിൽക്കുന്ന സമയത്ത് വെറുതെ നോട്ടുബുക്ക് എടുത്തു പല കഥകളും എഴുതുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു.എന്നിട്ട് അത് കൂട്ടുകാർക്കും വായിക്കാൻ കൊടുക്കും.പൊതുവേ നല്ല അഭിപ്രായങ്ങൾ കിട്ടിയിട്ടുണ്ട്.അന്ന് എഴുതിയ ചില കഥകൾ തികച്ചും സാങ്കല്പികമായ പ്രേതകഥകൾ ആയിരുന്നു. 

പിന്നീട് ഓർഫനേജിൽ താമസിച്ച് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കോളേജിൽ പഠിക്കാൻ ഉണ്ടായിരുന്ന ഒരു ഇംഗ്ലീഷ് നോവൽ പൂർണ്ണമായി മലയാളത്തിലേക്ക് ട്രാൻസുലേഷൻ ചെയ്ത് എഴുതിയിരുന്നു.അന്നൊക്കെ കുറച്ചൊക്കെ ഇംഗ്ലീഷ് അറിയുമായിരുന്നു.ഇന്ന് എല്ലാം സ്വാഹ... 

ഇന്നും ഫോൺ വിളിച്ചു കൊണ്ടും വാട്സാപ്പിലൂടെയുമൊക്കെ ബന്ധം സ്ഥാപിക്കുന്ന കുറെ ഓർഫനേജ് കൂട്ടുകാർ ഉണ്ട്.

അതിൽ എന്റെ സഹപാഠികൾ ഉണ്ട്.എന്റെ സീനിയേഴ്സ് ഉണ്ട്.എന്റെ ജൂനിയേഴ്സ് ഉണ്ട്.ജൂനിയേഴ്സിൽ പെട്ട ഒരാളാണ് ഫജീസ്.സഹപാഠികളിൽ റാഫി ഉണ്ട്.സാബിർ ഉണ്ട്.ഇടക്ക് നാട്ടിൽ നിന്ന് കാണുന്ന ശിഹാബ് ഉണ്ട്.ഇനിയും പേരെടുത്തു പറയേണ്ടതായ വേറെയും ആളുകൾ ഉണ്ട്.

ഞാൻ ഓർഫനേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെ എന്റെ അനിയനെയും ഓർഫനേജിലെ ചേർത്തിരുന്നു.പിന്നെ എന്റെ മൂത്താപ്പയുടെ മകനെ ഓർഫനേജിൽ ചേർത്തിരുന്നു.

ഞാനും അനിയനും ഓർഫനേജിൽ താമസിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഉപ്പ മരിച്ചത്.

അന്നാണ് എന്റെ അധ്യാപകരിൽ പലരും എന്റെ വീട് കാണുന്നത്. 

ഉപ്പ് മരിക്കുന്ന സന്ദർഭത്തിൽ വീടിന്റെ അവസ്ഥ പൊതുവേ ശോചനീയമായിരുന്നു എന്ന് പറയാം.

ഇപ്പോഴും വീടിന്റെ ചുമർ മണ്ണിന്റെ കട്ടകളാണ്. 

പുറമേ ഉപ്പ മരിക്കുന്ന സന്ദർഭത്തിൽ വീടിന് അടച്ചുറപ്പ് കുറവായിരുന്നു. 

പിന്നീടാണ് അതൊക്കെ ശരിയാക്കുന്നത്. 

ഉപ്പ മരിച്ച ദിവസം ഓർഫനേജിലെ കാര്യങ്ങൾ നോക്കിയിരുന്ന ശാക്കിർ മൗലവിയും അലി മാസ്റ്ററും അതുപോലെ തന്നെ സൈനു മൗലവിയും ഒക്കെ വീട്ടിൽ വന്നിരുന്നു.

ഒമ്പത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുമ്പോഴും പത്താം ക്ലാസ് കഴിഞ്ഞു കോളേജിലെ ആദ്യ മൂന്നു വർഷങ്ങളിലും അങ്ങനെ മൊത്തം അഞ്ചു വർഷമാണ് ഓർഫനേജിൽ താമസിച്ചത്.

അതിൽ തന്നെ അഞ്ചാമത്തെ വർഷം ഞാൻ കോളേജിൽ മൂന്നാം വർഷ വിദ്യാർഥിയായി പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പുളിക്കൽ അടുത്തുള്ള സിയാംകണ്ടം മദ്രസയിലേക്ക് രാവിലെ പഠിപ്പിക്കാൻ പോയിരുന്നു. 

അവിടുന്ന് മാസം 400 രൂപ ശമ്പളം കിട്ടും.

അത് എന്റെ വട്ടച്ചെലവിന് മാത്രമാണ് ഉണ്ടാവുക.

എങ്കിൽ പോലും ആ സമയത്ത് ഉമ്മാക്ക് ഒരു ചെറിയ ഫോൺ വാങ്ങി കൊടുത്തത് ഓർമ്മയുണ്ട്. 

ഓർഫനേജിലെ താമസം അഞ്ചു വർഷം പിന്നിട്ടപ്പോഴേക്കും അപ്പോഴത്തെ വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ഓർഫനേജ് ജീവിതം മതിയാക്കി ഒരു 'പാർട്ടൈം' എന്ന നിലക്ക് പള്ളിയിലെ ജോലികൾ ഏറ്റെടുത്ത് പള്ളിയിൽ താമസിച്ച് കോളേജിലേക്ക് വന്നു പോവാൻ തുടങ്ങി. 

പിന്നീടുള്ള അനുഭവങ്ങൾ കോളേജിലെത്തേതും ഫറോക്ക് കല്ലമ്പാറത്തേതും ആണ്. 

ഇൻഷാ അള്ളാഹ്.. 

ബാക്കി പിന്നെ പറയാം എന്ന് തോന്നുന്നു.

ഇപ്പോൾ തന്നെ ദീർഘമായി പോയി. 

മുഴുവൻ വായിക്കാൻ കാണിച്ച ക്ഷമക്കും സഹകരണത്തിനും ഹൃദയത്തിൽ നിന്നുള്ള നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ