ഫൈസൽ മാസ്റ്ററുടെ കൂടെ ചെറുവത്തൂരിൽ നിന്നും ട്രെയിൻ കയറി.കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഫൈസൽ മാസ്റ്റർ പറഞ്ഞു: "അവിടുത്തെ ആരെങ്കിലും ഇവിടെ ഉണ്ടാവും.വിനോദ് മാസ്റ്ററെ സ്ഥിരം കാണാറുണ്ട്." വൈകാതെ തന്നെ വിനോദ് മാസ്റ്ററെ കണ്ടു.വിനോദ് മാസ്റ്ററെ ഏൽപ്പിച്ച് ഫൈസൽ മാസ്റ്റർ അദ്ദേഹത്തിന്റെ സ്കൂളിലേക്ക് ബസ് കയറി.പിന്നീട് എല്ലാം വിനോദ് മാസ്റ്ററുടെ കയ്യിലായി.ഓട്ടോറിക്ഷയിൽ ഉദുമ നാലാം വാതുക്കൽ സ്കൂളിലെത്തി.നേരെ ഹെഡ്മാസ്റ്ററുടെ അടുത്തേക്ക്.ഹെഡ്മാസ്റ്റർ ആളൊരു ഫ്രണ്ട്‌ലി ആണ് എന്ന് അപ്പോൾ തന്നെ മനസ്സിലായി."വരണം സാർ...വരണം...ഞാൻ കാത്തിരിക്കുകയായിരുന്നു..." എന്നൊക്കെ പറഞ്ഞു സ്വീകരിച്ച് ഒപ്പിടാൻ പറഞ്ഞു.ഒപ്പിട്ടു.അങ്ങനെ 2016 ജൂൺ ഒന്നിന് ഉദുമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപകൻ ആയി ജോയിൻ ചെയ്തു.
പിന്നീടുള്ള രണ്ടു വർഷം വലിയ ബന്ധങ്ങളാണ് ലഭിച്ചത്.
അഞ്ചുമുതൽ പ്ലസ്ടു വരെ കുട്ടികൾ പഠിക്കുന്ന ഒരു വലിയ സ്കൂൾ
നൂറോളം സ്റ്റാഫുകൾ
എല്ലാവരെയും പരിചയപ്പെടാനും അവയെല്ലാം നല്ല ബന്ധങ്ങൾ ആവാനും സാധിച്ചു.
എല്ലാവരുടെയും പേരുകൾ എടുത്തു പറയണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഓർമ്മക്കുറവ് അതിനു തടസ്സം നിൽക്കുന്നു.
അതേസമയം കുറെ ആളുകളുടെ പേരുകൾ പറഞ്ഞു ഓർമ്മക്കുറവ് കൊണ്ട് ചിലരുടെ പേരുകൾ പറയാതെ പോയാൽ അതൊരു പ്രയാസമാകും എന്നുള്ളതു കൊണ്ട് അതിനു മുതിരുന്നില്ല.
എല്ലാവരോടുമുള്ള നല്ല ബന്ധങ്ങൾ മനസ്സിൽ കരുതി കൊണ്ട് ജയന്തി ടീച്ചറുടെ പേര് പറയാം.കാരണം ടീച്ചർ അവിടുത്തെ സീനിയർ ടീച്ചറായിരുന്നു.മാത്രമല്ല എന്നോട് ഒരു അനിയനോട് എന്ന പോലെ അല്ലെങ്കിൽ മകനോട് എന്ന പോലെ നല്ല വാത്സല്യത്തിൽ പെരുമാറുകയും "അഫീഫേ...എന്തുണ്ട്?" എന്നൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു.
ഞാൻ അവിടെ ജോയിൻ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോഴാണ് പുതിയ ഹെഡ്മാസ്റ്ററായി വിജയൻ മാസ്റ്റർ വരുന്നത്.പിന്നീടുള്ള രണ്ടു വർഷം അദ്ദേഹം അവിടെ മാതൃക ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു.അതിനുശേഷം അദ്ദേഹം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആയി.ജില്ലാ തലത്തിൽ തന്നെ വിദ്യാഭ്യാസ മേഖലയിൽ ഉന്നത തസ്തികകളിൽ പ്രവർത്തിച്ചു.ഇപ്പോൾ റിട്ടയേർഡ് ആയി.ദ കംപ്ലീറ്റ് ടീച്ചർ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാൽ അതു കുറഞ്ഞു പോകുമോ എന്ന് എനിക്ക് അറിയില്ല.
വിജയൻ മാസ്റ്ററുടെയും
ജയന്തി ടീച്ചറുടെയും
മധു മാസ്റ്ററുടെയും
വിനോദ് മാസ്റ്ററുടെയും
സത്യൻ മാസ്റ്ററുടെയും
ബാലകൃഷ്ണൻ മാസ്റ്ററുടെയും
അസീസ് മാസ്റ്ററുടെയും
ജയൻ മാസ്റ്ററുടെയും
ലുക്മാൻ മാസ്റ്ററുടെയും
സുജാത ടീച്ചറുടെയും
രജിത ടീച്ചറുടെയും
രേഷ്ന ടീച്ചറുടെയും
ബീന ടീച്ചറുടെയും
റീന ടീച്ചറുടെയും
ബിന്ദു ടീച്ചറുടെയും
സിനി ടീച്ചറുടെയും
ബാബുരാജ് മാസ്റ്ററുടെയും
മനോജ് മാസ്റ്ററുടെയും
പ്രകാശൻ മാസ്റ്ററുടെയും
കുഞ്ഞിരാമൻ മാസ്റ്ററുടെയും
ഹമീദ് മാസ്റ്ററുടെയും
മജീദ് മാസ്റ്ററുടെയും
പ്രഭാകരൻ മാസ്റ്ററുടെയും
പ്രമീള ടീച്ചറുടെയും
പ്രീതി ടീച്ചറുടെയും
ഭാമ ടീച്ചറുടെയും
ഹേമന്ത് മാസ്റ്ററുടെയും
അബ്ദുറഹ്മാൻ മാസ്റ്ററുടെയും
സുരേഷ് മാസ്റ്ററുടെയും
പുഷ്പ ടീച്ചറുടെയും
വത്സല ടീച്ചറുടെയും
പ്രീത ടീച്ചറുടെയും
രൂപലത ടീച്ചറുടെയും
ബാബു മാസ്റ്ററുടെയും
റീന മോൾ ടീച്ചറുടെയും
ഒക്കെ പേരുകൾ പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇനിയും പറയാൻ ബാക്കിയുള്ളവരിൽ ഞാൻ മറന്നു പോയ പേരുകൾ എനിക്ക് പറയാൻ സാധിക്കാതെ വരുമ്പോൾ അത് മൊത്തത്തിൽ പ്രയാസം ആകും എന്നതിനാൽ ഞാൻ ആരുടെയും പേരുകൾ പറയാതെ പറഞ്ഞു പോകുന്നു.🏃♂️
സത്യത്തിൽ ഉദുമ സ്കൂളിലെ രണ്ടു വർഷത്തെ അധ്യാപന ജീവിതം എനിക്കൊരു പരിശീലനമായിരുന്നു.ചിലതൊക്കെ ചെയ്യാൻ സാധിച്ചുവെങ്കിലും ഒരുപാട് ചെയ്യുന്നവരെ കണ്ടു പഠിച്ചു.അവരിൽ നിന്നൊക്കെ ഉള്ള മാതൃക ഉൾക്കൊള്ളാൻ സാധിച്ചു.
ഉദുമ സ്കൂൾ ഒരു കടലാണ്.
ഒരുപാട് കുട്ടികളും ഒരുപാട് ടീച്ചേഴ്സും ഓഫീസ് സ്റ്റാഫുകളും.
ഓഫീസ് സ്റ്റാഫുകളുടെ കൂട്ടത്തിൽ പ്രത്യേകം പറയപ്പെടേണ്ടത് ക്ലർക്ക് ആയിരുന്ന സുധയാണ്.അവർ ഓരോ കാര്യങ്ങളും സമയാസമയത്ത് ഓർമ്മപ്പെടുത്തുകയും ചെയ്യേണ്ട പേപ്പർ വർക്കുകൾ സമയാസമയത്ത് ചെയ്തു തന്നത് കൊണ്ടും വലിയ അനുഗ്രഹമായിരുന്നു.
ഉദുമ സ്കൂളിനടുത്തുള്ള ചായക്കടയിലും പീടികകളിൽ ഉള്ള പലരുമായി പരിചയമുണ്ടായിരുന്നു.
രാവിലെ ട്രെയിൻ കയറി സ്കൂളിലേക്ക് പോകും.വൈകുന്നേരം കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലേക്ക് എല്ലാവരും ഒന്നിച്ചുള്ള നടത്തം...ട്രെയിൻ കാത്തിരിക്കൽ...ട്രെയിനിൽ അല്ലെങ്കിൽ ബസ് കിട്ടാൻ ഓടിപ്പാച്ചിൽ..തിക്കിലും തിരക്കിലുമുള്ള ബസ് യാത്ര...മിക്കവാറും മഗ്രിബ് ആവും വീട്ടിലെത്തുമ്പോൾ.
അന്നത്തെ യാത്രയിലെ കൂട്ടുകെട്ടുകളും അനുഭവങ്ങളും വേറെ തന്നെയാണ്.
മനസ്സിൽ തങ്ങി നിൽക്കുന്ന തിളക്കമുള്ള ഓർമ്മകളുടെ രണ്ടു വർഷത്തിനു ശേഷം ചെറുവത്തൂർ അടുത്തുള്ള പടന്ന ഗവൺമെന്റ് യു.പി സ്കൂളിലേക്ക് ട്രാൻസ്ഫർ ആവുകയായിരുന്നു.
ഇപ്പോൾ മൂന്നു വർഷത്തോളമായി പടന്ന യു.പി സ്കൂളിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്.
والله ولي التوفيق.
2018 ജൂൺ മാസമാണ് പടന്ന ഗവൺമെന്റ് യു.പി സ്കൂളിലേക്ക് ട്രാൻസ്ഫർ ആകുന്നത്.ഉദുമ സ്കൂളിൽ യു.പി വിഭാഗം അധ്യാപകനായി ഉണ്ടായിരുന്ന ജയൻ മാസ്റ്ററാണ് എന്നെ പടന്ന യു.പി സ്കൂളിലേക്ക് കൊണ്ട് ആക്കുന്നത്.ഈ കൊണ്ടാക്കലെല്ലാം ഒരു പരസ്പര ബന്ധത്തിന്റെ ഭാഗം മാത്രമാണ്.ഉദുമ സ്കൂളിൽ നിന്ന് പരിചയപ്പെട്ട അന്നു മുതൽ ജയൻ മാസ്റ്ററുമായുള്ള നല്ല ബന്ധം തുടർന്നു കൊണ്ടിരിക്കുകയാണ്.അദ്ദേഹം നല്ലൊരു അധ്യാപകനും കൂടിയാണ്.
പടന്ന സ്കൂളിൽ അന്ന് ഹെഡ്മാസ്റ്ററായി ഉണ്ടായിരുന്നത് രാജൻ മാസ്റ്ററാണ്.ഒരു വർഷത്തിലധികം അദ്ദേഹത്തിന് കീഴിൽ ആണ് വർക്ക് ചെയ്തിരുന്നത്.പിന്നീടദ്ദേഹം പിലിക്കോട് സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി.അവിടുന്ന് റിട്ടയേർഡ് ചെയ്തു.അദ്ദേഹം നല്ലൊരു ഹെഡ്മാസ്റ്റർ തന്നെയായിരുന്നു.
പിന്നീട് പടന്ന സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നത് അവിടെത്തന്നെ വർഷങ്ങളോളം അധ്യാപകനായി വർക്ക് ചെയ്തു പിന്നീട് ഹെഡ്മാസ്റ്ററായി പ്രൊമോഷൻ കിട്ടി പോയിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ ആണ്.അദ്ദേഹം ഹെഡ്മാസ്റ്ററായി പടന്ന സ്കൂളിലേക്ക് തന്നെ തിരിച്ചെത്തിയപ്പോൾ ഇതേ സ്കൂളിൽ തന്നെ ഒരുപാട് വർഷം ജോലി ചെയ്ത ആ പരിചയം ഒരു മുതൽക്കൂട്ട് തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ.ഇപ്പോഴും നല്ലൊരു മാതൃക ഹെഡ്മാസ്റ്ററായി അദ്ദേഹം വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു.ഒന്നര വർഷത്തിലധികമായി അദ്ദേഹത്തിന് കീഴിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്.
ഇരുപതിലധികം വർഷം ഒരു ഗവൺമെന്റ് സ്കൂൾ അധ്യാപകൻ ഒരു സ്കൂളിൽ വർക്ക് ചെയ്യുക എന്നുള്ളത് താരതമ്യേന കുറവാണ്.എന്നാൽ പടന്ന സ്കൂളിൽ ഇരുപത് വർഷത്തിലേറെ വർക്ക് ചെയ്ത വ്യക്തിയാണ് രാമചന്ദ്രൻ മാസ്റ്റർ.അദ്ദേഹം പിന്നീട് ഹെഡ്മാസ്റ്ററായി പ്രൊമോഷൻ കിട്ടി പോയിരുന്നു.ഇപ്പോൾ റിട്ടയേർഡ് ആയി.അദ്ദേഹം നല്ലൊരു അധ്യാപകനും നല്ലൊരു ഹെഡ്മാസ്റ്ററും ആയിരുന്നു.കൂടാതെ, നല്ലൊരു ജേഷ്ഠ സുഹൃത്തു കൂടിയായിരുന്നു.മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ആളു നല്ലൊരു കമ്പനി ആയിരുന്നു.സീനിയറായ ഒരു അധ്യാപകൻ ജൂനിയറായ അധ്യാപകൻ എന്ന വ്യത്യാസമൊന്നും ഇല്ലാതെ നല്ലൊരു വാൽസല്യ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
അതുപോലെ തന്നെ പടന്ന സ്കൂളിൽ ഇരുപത്തിയഞ്ചോളം വർഷങ്ങളായി - ഇപ്പോഴും - വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന അനിത ടീച്ചർ...എപ്പോഴും ഒരു അനിയനോട് എന്ന പോലെ വളരെ നല്ല രൂപത്തിൽ ആണ് ടീച്ചർ സംസാരിക്കാറുള്ളത്.പടന്നയിലെ സീനിയർ ടീച്ചർ...അതാണ് അനിത ടീച്ചർ.
പടന്ന സ്കൂളിലെത്തിയ അന്നു തന്നെ പരിചയപ്പെട്ടു തുടങ്ങിയ ബന്ധമാണ് രാജീവൻ മാസ്റ്ററുമായി.അദ്ദേഹം ഒരു ഗണിത അധ്യാപകനാണ്.ഹെഡ്മാസ്റ്റർ പ്രമോഷൻ കിട്ടാനടുത്ത് നിൽക്കുന്ന സീനിയർ അധ്യാപകനാണ്.പക്ഷേ ഞാൻ പടന്ന സ്കൂളിലെത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്ന മുൻ അറബി അധ്യാപകൻ സമീർ മാസ്റ്റർ എന്നോട് പറഞ്ഞ ഒരു കാര്യമായിരുന്നു "രാമചന്ദ്രൻ മാസ്റ്ററും രാജീവൻ മാസ്റ്ററും നല്ല കമ്പനിയാണ്.സ്കൂളിന് വേണ്ടി ആത്മാർത്ഥമായി വർക്ക് ചെയ്യുന്നവരുമാണ്.കമ്പനി കൂടാൻ പറ്റിയ ആളുകളാണ്.സീനിയർ അധ്യാപകർ ജൂനിയർ അധ്യാപകർ എന്ന വേർതിരിവ് ഒന്നും അവർക്കില്ല.അവരുടെ കൂടെ കൂടി സ്കൂളിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്താൽ മതിയാകും." അങ്ങനെയാണ് എന്നേക്കാൾ എത്രയോ സീനിയറായ രാമചന്ദ്രൻ മാസ്റ്ററുടെയും രാജീവൻ മാസ്റ്ററുടെയും കൂടെ കമ്പനി കൂടുന്നത്.പിന്നീട് രാമചന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി പോയപ്പോൾ മനോജ് മാസ്റ്റർ പടന്ന സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വന്നു.പിന്നീട് രാജീവൻ മാസ്റ്ററുടെ കൂടെയുള്ള കമ്പനി മനോജ് മാസ്റ്റർ കൂടിയായി.രാവിലെ തന്നെ സ്കൂളിൽ എത്തും.മിക്കവാറും സ്കൂളിൽ വരേണ്ടതില്ലാത്ത ദിവസവും സ്കൂളിലെത്തും.വേണ്ടതായ എല്ലാവിധ കാര്യങ്ങളും - അത് വാഴ നടാൻ ആണെങ്കിൽ വാഴ നടാൻ,വേസ്റ്റ് വൃത്തിയാക്കാനാണെങ്കിൽ വേസ്റ്റ് വൃത്തിയാക്കാൻ,കുട്ടികൾക്ക് യൂണിഫോം മുറിച്ച് റെഡിയാക്കാൻ ആണെങ്കിൽ അതിന് - അങ്ങനെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വർക്കുകളും അവിടെ ചെയ്യുന്ന രണ്ട് അധ്യാപകർ.
അതുപോലെ തന്നെ സ്കൂളിന് വേണ്ടി ഒന്നിച്ച് വന്ന് വർക്ക് ചെയ്യുന്ന വളരെ നല്ല സുഹൃത്തുക്കളായ മുതിർന്ന അധ്യാപകരാണ് റഷീദ് മാസ്റ്ററും ഷെഫീഖ് മാസ്റ്ററും.അവർ വർഷങ്ങളോളമായി പല സ്കൂളുകളിലും ഒന്നിച്ച് വർക്ക് ചെയ്തവരാണ്.പടന്നയിലും ഏതാനും വർഷങ്ങളായി ഒന്നിച്ച് വർക്ക് ചെയ്യുന്നു.ഞങ്ങൾ മൂന്ന് ആളുകളാണ് ഒന്നിച്ച് പള്ളിയിലേക്ക് പോവുകയും ഒന്നിച്ച് നിസ്കരിക്കുകയും ഒക്കെ ചെയ്യാറുള്ളത്.വളരെ നല്ല ആത്മാർത്ഥതയുള്ള അദ്ധ്യാപകർ ആണ് അവർ.
സ്കൂളിന് വേണ്ടി ആത്മാർത്ഥമായി വർക്ക് ചെയ്യുന്ന വേറെയും ചില അധ്യാപിക-അധ്യാപകന്മാർ ഉണ്ട്.അനിൽ മാസ്റ്റർ,പ്രീതി ടീച്ചർ,ശ്രീമണി ടീച്ചർ,സുധാകരൻ മാസ്റ്റർ,സുരേന്ദ്രൻ മാസ്റ്റർ,രമ ടീച്ചർ,റസിയ ടീച്ചർ,ഗീത ടീച്ചർ,സക്കീന ടീച്ചർ,ശ്യാമള ടീച്ചർ,തസ്നി ടീച്ചർ,പ്രീപ്രൈമറി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അനിത ടീച്ചറും അവരുടെ കൂടെയുള്ള സെറീന ടീച്ചറും.പിന്നെ തൊട്ടടുത്ത് തന്നെയുള്ള അംഗൻവാടിയിലെ ബിന്ദു ടീച്ചറും അവരുടെ കൂടെയുള്ള പ്രജിത ചേച്ചി.അതുപോലെ തന്നെ ഓഫിസ് വർക്കുകൾ ചെയ്യുന്ന ബൈജ ചേച്ചി.ഇവരൊക്കെ സ്കൂളിനു വേണ്ടിയും സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഉയർച്ചക്ക് വേണ്ടിയും വളരെ ആത്മാർത്ഥമായി അധ്വാനിക്കുന്നവരാണ്.
അവിടെത്തന്നെ താൽക്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ജസ്ന ടീച്ചർ ഉണ്ട്.അവരിപ്പോൾ സ്ഥിര അധ്യാപികയായി നിയോഗിക്കപ്പെടുന്നത് കാത്തിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.നിലവിലെ പശ്ചാത്തലത്തിൽ അത് വൈകി പോകുന്നു എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്.
പടന്നയിൽ മുമ്പ് ഉറുദു അധ്യാപകനായി വർക്ക് ചെയ്ത അധ്യാപകനാണ് ബാബു മാസ്റ്റർ.പിന്നീടദ്ദേഹം കൂടുതൽ ഉത്തരവാദിത്തങ്ങളുമായി തിരുവനന്തപുരത്തേക്ക് പോയി.അദ്ദേഹം നല്ലൊരു വ്യക്തിയും നല്ലൊരു അധ്യാപകനും തന്നെയാണ്.
എന്റെ കൂടെ തന്നെ എൽ.പി വിഭാഗത്തിൽ അറബി പഠിപ്പിക്കാൻ ഇപ്പോൾ പുതുതായി നിയമിതനായ സിറാജ് മാസ്റ്റർ നേരത്തെ തന്നെ പരിചയമുള്ള വ്യക്തിയാണ്.
പടന്നയിൽ നേരത്തെ വർക്ക് ചെയ്തിരുന്ന വേറെയും ചില അധ്യാപിക-അധ്യാപകന്മാർ ഉണ്ട്.അവരിൽ പലരും ഇന്ന് റിട്ടയേർഡ് ആയിട്ടുണ്ട്.പലരും മറ്റു പല സ്കൂളിലും വർക്ക് ചെയ്യുന്നുണ്ട്.എല്ലാവരും പടന്നയിൽ അവരുടെ മികവ് തെളിയിച്ചവരാണ്.
ഞാനിവിടെ പേരുകൾ പരാമർശിച്ച എന്റെ സഹ അധ്യാപിക-അധ്യാപകന്മാർ എല്ലാം എന്നേക്കാൾ എത്രയോ മികച്ച ടീച്ചേഴ്സ് ആണ്.ഞാൻ അവരെ മാതൃകയാക്കിയാണ് മുന്നോട്ടു പോകുന്നത്.എല്ലാവരോടും നല്ല ബന്ധത്തിൽ നിലനിൽക്കുകയും എല്ലാവരോടും ബഹുമാനത്തിൽ വർത്തിക്കുകയും ചെയ്യുന്നു.
വീട്ടുകാർക്കിടയിൽ എന്ന പോലെ
അയൽവാസികൾക്കിടയിൽ എന്ന പോലെ
കുടുംബക്കാർക്കിടയിൽ എന്ന പോലെ
നാട്ടുകാർക്കിടയിൽ എന്ന പോലെ
സ്കൂളിലെ ടീച്ചേഴ്സിന് ഇടയിലും പരസ്പര അകൽച്ചകളോ വിയോജിപ്പുകളോ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു.പൊതുവേ ടീച്ചേഴ്സിന് ഇടയിൽ അങ്ങനെ ഇല്ല തന്നെ.മാനുഷികമായി അൽപസ്വൽപം എന്തെങ്കിലും ഉണ്ടായാൽ തന്നെ അവ വേഗം ഇല്ലാതാവണം എന്ന് ആഗ്രഹിക്കുകയും ചെയ്യാറുണ്ട്.പക്ഷേ! അങ്ങനെ ഉണ്ടാവാറില്ല എന്ന് തന്നെ പറയാം.ടീച്ചേഴ്സിനും അവരുടേതായ രാഷ്ട്രീയ നിലപാടുകളും ഉണ്ടാവാം.പക്ഷേ! സ്കൂളിനകത്ത് സ്കൂളിനും സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഉയർച്ചക്കും വേണ്ടി പരസ്പരം കൈകോർത്ത് ജോലി ചെയ്യുന്നവരാണ് ടീച്ചേഴ്സ്.
ആ ഒരു മാതൃക ഉദുമ സ്കൂളിലും പടന്ന സ്കൂളിലും എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്.
ഞാൻ പരിചയപ്പെട്ട എല്ലാ അദ്ധ്യാപിക-അധ്യാപകന്മാരും ഓരോരുത്തരും ഒന്നിനൊന്നു മികച്ചവരും ഓരോരുത്തരും വ്യത്യസ്ത മേഖലകളിൽ നൈപുണ്യം ഉള്ളവരാണ്.അതുകൊണ്ടുതന്നെ എല്ലാവരും നിന്നും സ്വീകരിക്കാൻ പറ്റുന്ന മാതൃകകൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്.എന്റെ ടീച്ചിങ് മേഖല മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.
നമുക്കെല്ലാം നമ്മുടേതായ ആശയ നിലപാടുകൾ ഉണ്ടാവാം.നമ്മുടേതായ വിശ്വാസ നിലപാടുകളുണ്ടാവാം.പക്ഷേ! അവയൊന്നും പരസ്പര അകൽച്ചക്കും വിയോജിപ്പിനും കാരണം ആവുകയല്ല വേണ്ടത്.മറിച്ച് പരസ്പരം കൈകോർത്ത് പരസ്പര ഒരുമയോടെ നമ്മുടെയും നമ്മുടെ നാടിന്റെ ഉയർച്ചക്ക് വേണ്ടിയും പ്രവർത്തിക്കുകയാണ് വേണ്ടത്.നാട്ടിലെ സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടത്.
നമ്മുടെ വീടുകളിൽ സമാധാനം ഉണ്ടാവട്ടെ
നമ്മുടെ കുടുംബങ്ങളിൽ സമാധാനം ഉണ്ടാവട്ടെ
നമ്മുടെ അയൽപക്കങ്ങളിൽ സമാധാനം ഉണ്ടാവട്ടെ
നമ്മുടെ നാടുകളിൽ സമാധാനം ഉണ്ടാവട്ടെ
എല്ലാവർക്കും നല്ലതു വരട്ടെ
എല്ലാവരുടെയും പ്രയാസങ്ങൾ നീങ്ങിപ്പോകുമാറാകട്ടെ...
ആമീൻ 🤲
മൊറയൂർ - ജനിച്ചു വളർന്ന നാട്
പുളിക്കൽ - പഠിച്ചു വളർന്ന നാട്
ഓരിമുക്ക് - നിലവിൽ താമസിക്കുന്ന നാട്
മാനസികമായി പ്രത്യേക അറ്റാച്ച്മെന്റ് ഉള്ള നാടുകൾ.
ഓരിമുക്ക് പറയുമ്പോൾ കൂടെ പറയേണ്ട നാടാണ് ഓരിമുക്കിനടുത്തുള്ള തൃക്കരിപ്പൂർ.
കാരണം, ഓരിമുക്കിലെ താമസവും തൃക്കരിപ്പൂരിന്റെ സാമീപ്യവും ഒരു അനുഗ്രഹം ആയിരുന്നു എന്ന് പല സന്ദർഭങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഓരിമുക്കിലെയും തൃക്കരിപ്പൂരിലെയും ഒരുപാട് ജേഷ്ഠ സുഹൃത്തുക്കൾ - ഒരുപാട് സൗഹൃദങ്ങൾ - പല അത്യാവശ്യ സന്ദർഭങ്ങളിലും സാമ്പത്തികമായും അല്ലാതെയും സഹായിച്ചവർ - നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി സഹായിക്കുന്നവർ - അത് ഓരിമുക്കിലോ തൃക്കരിപ്പൂരിലോ മാത്രമല്ല...കാസർകോട് ജില്ലക്ക് അകത്തു തന്നെ ഒരുപാട് സുഹൃത്തുക്കളും ജേഷ്ഠ സുഹൃത്തുക്കളും ഉണ്ട്.പരസ്പരം നന്മ വരാൻ ആഗ്രഹിക്കുന്ന - പരസ്പരം പ്രാർത്ഥിക്കുന്ന - പരസ്പരം സഹായിക്കുന്ന - പരസ്പരം ഗുണകാംക്ഷ വെച്ചുപുലർത്തുന്ന ഒരുപാട് ആളുകൾ.
കാസർകോട് ജില്ലയിൽ എത്തിയ ശേഷം ഒരുപാട് സൗഹൃദങ്ങൾ ലഭിച്ചു എന്നുള്ളത് വലിയൊരു മുതൽക്കൂട്ടായി തന്നെ കാണുകയാണ്.
കാസർകോട് ജില്ലയിൽ ജോലി ചെയ്യുന്ന ഒരു മലപ്പുറത്തുകാരൻ എന്നുള്ളത് കാസർകോട് ജില്ലക്കാർക്ക് ഒരു പുത്തിരിയല്ല.
ഒരുപാട് ആളുകൾ കടന്നുപോയിട്ടുണ്ട്.ഒരുപാട് ആളുകൾ നിലവിലുണ്ട്.കടന്നു പോയവരുടെ കൂട്ടത്തിൽ എന്റെ കുടുംബ ബന്ധു കൂടിയായ ലത്തീഫ് മാസ്റ്റർ ഉണ്ട്.നിലനിൽക്കുന്നവരുടെ കൂട്ടത്തിൽ എന്റെ ഉസ്താദ് കൂടിയായിരുന്ന ശംസുദ്ദീൻ മാസ്റ്റർ ഉണ്ട്.അങ്ങനെ അങ്ങനെ ഈ ഫീൽഡിൽ തന്നെ എനിക്ക് മാതൃകകളായ ഒരുപാട് ആളുകൾ...
ഒരു 32 കാരന് തന്റെ ജേഷ്ഠ സുഹൃത്തുക്കൾ വിലപ്പെട്ടത് തന്നെയാണല്ലോ...
ചെറിയ രൂപത്തിൽ ആണെങ്കിലും ഒരു അനുഭവ കഥ എഴുതേണ്ടതുണ്ടായിരുന്നുവോ?!
ഒരുപക്ഷേ അങ്ങനെ ചിന്തിക്കാം...
പക്ഷേ ചില അനുഭവങ്ങൾ ചിലർക്ക് പ്രചോദനങ്ങൾ ആയേക്കാം...
അതുപോലെ എനിക്ക് തന്നെ കൂടുതൽ നല്ല രൂപത്തിൽ മുന്നോട്ടു പോകാൻ ഒരു പ്രേരകമായേക്കാം...
ആ അർത്ഥങ്ങളിൽ എല്ലാം ഞാൻ ഈ എഴുത്തിനെ കാണുകയാണ്.
ആഫിയത്തുള്ള ദീർഘായുസ്സ് നൽകുവാൻ റബ്ബിന് മാത്രമേ സാധിക്കൂ...
എനിക്കെന്ന പോലെ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
പക്ഷേ! ഉള്ള ആയുഷ്കാലം നല്ല രൂപത്തിൽ ജീവിക്കാൻ സാധിക്കുക - മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നവർ ആയി ജീവിക്കാൻ സാധിക്കുക - ഏറ്റവും ചുരുങ്ങിയത് തന്നെക്കൊണ്ട് മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാവാതെ ജീവിക്കാൻ സാധിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ടത്.അതിനായി ശ്രമിക്കുകയും ചെയ്യുന്നു.
ജീവിതത്തിനിടക്ക് ചില പ്രയാസങ്ങളും ആശങ്കകളും സ്വാഭാവികമാണ്.
ചില ആഗ്രഹങ്ങളും ആഗ്രഹങ്ങൾ സഫലമാവാനുള്ള പരിശ്രമങ്ങളും സ്വാഭാവികമാണ്.
അതിനിടയിലെ ഒരു ആഗ്രഹം മാത്രമാണ് സ്വന്തമായ ഒരു വീട് എന്നുള്ളത്.
ഭാര്യയും മക്കളും ഉള്ള ഒരാൾ തങ്ങൾക്കായി വീട് ഉണ്ടാക്കി താമസിക്കാൻ ശ്രമിക്കുക - ആഗ്രഹിക്കുക - എന്നുള്ളത് ഒരു തെറ്റാണ് എന്ന് മനസ്സിലാകുന്നില്ല.മറിച്ച്, അത് വേണ്ടതാണ്.പരിശ്രമിക്കേണ്ടതാണ്.
മൊറയൂരിൽ ഉള്ള വീട് ഉപ്പ ഉണ്ടാക്കിയ വീടാണ്.ഏകദേശം പത്തിരുപത്തിയെട്ട് കൊല്ലങ്ങളായി...മൺകട്ടകളാലുള്ള വീട്.
തൊട്ടപ്പുറത്ത് തന്നെ ചെറിയ ഒരു സ്ഥലം വാങ്ങി പര്യാപ്തമായ ഒരു വീടുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
തറയുടെ പണി പൂർത്തിയായി.
അൽഹംദുലില്ലാഹ്...
ചില കടങ്ങൾ ഉണ്ടായിരുന്നെങ്കിലും റബ്ബിന്റെ മഹത്തായ തൗഫീഖ് കൊണ്ട് ഏറെക്കുറെ വീട്ടാൻ സാധിച്ചു.
ഇനി സാമ്പത്തികമായി സാധിക്കുന്നതിന് അനുസരിച്ച് തറയുടെ മുകളിലുള്ള പണികൾ നടത്തുകയും പൂർത്തീകരിക്കുകയും ചെയ്യണം.
ഇൻശാ അല്ലാഹ്...
മനോധൈര്യം നൽകുകയും എല്ലാ നിലക്കും സഹായിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്.ആഗ്രഹം പൂർത്തീകരിക്കാൻ തൗഫീഖ് നൽകുന്നവൻ റബ്ബ് മാത്രമാണ്.
ഈയൊരു പ്രതിസന്ധി കാലത്ത് ഒരുപാട് ആളുകൾ - അത് കച്ചവടക്കാർ ആണെങ്കിലും - തൊഴിലാളികൾ ആണെങ്കിലും - വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.അവർക്കെല്ലാം ആശ്വാസം ലഭിക്കാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്.വൈകാതെ ശരിയാവും എന്ന് തന്നെയാണ് മനസ്സിലെ പ്രതീക്ഷ...
ഏകദേശം അഞ്ചു വർഷങ്ങളായി ഒരു സർക്കാർ ജോലിക്കാരനായതിന്റെ അനുഗ്രഹം തിരിച്ചറിയുന്ന ഒരു സമയമാണ് ഇത്.കാരണം മിക്ക ആളുകളും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഈ ഒരു സമയത്തും താരതമ്യേന സാമ്പത്തിക പ്രയാസമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കുന്നത് സർക്കാർ ശമ്പളം ലഭിക്കുന്നത് കൊണ്ട് തന്നെയാണ്.ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നത് പോലെ തന്നെ ഈയൊരു വിഷയത്തിൽ സർക്കാർ ശമ്പളം കൈപ്പറ്റുന്നവരെ പ്രതിക്കൂട്ടിൽ നിർത്തി ചിന്തിക്കാതെ - അവരുടെ പരിശ്രമം കൊണ്ടും അവരുടെ അർഹത കൊണ്ടും റബ്ബിന്റെ തൗഫീഖ് കൊണ്ടും അവർക്ക് സർക്കാർ ജോലി ലഭിച്ചു.ഈ ഒരു സമയത്തും ഭേദപ്പെട്ട സാമ്പത്തികാവസ്ഥ അവർക്കുണ്ട് എന്നുള്ളത് അവർക്കുള്ള അനുഗ്രഹമായി മനസ്സിലാക്കാം.അത് അവരും തിരിച്ചറിയുകയും അവരെക്കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ചെയ്യേണ്ടതുമാണ്.
ഒരുപക്ഷേ ഒരു ജോലിക്കാരൻ ഒരു മാസം മുഴുവൻ ജോലി ചെയ്താൽ കിട്ടുന്ന സാമ്പത്തികം തന്നെയാണ് ഏറെക്കുറെ എനിക്കും ഒരു മാസം കിട്ടുന്നത്.പക്ഷേ വ്യത്യാസം; ഒരു കൂലിപ്പണിക്കാരൻ എല്ലാ ദിവസവും ജോലിക്ക് പോകണമെന്നില്ല.അതുപോലെ താരതമ്യേന ജോലി കുറവായ മാസങ്ങളും ഉണ്ടാവാം.അതുപോലെതന്നെ സർക്കാർ ശമ്പളക്കാരൻ റിട്ടയർമെന്റ് ചെയ്താലും പെൻഷനോ അല്ലെങ്കിൽ പെൻഷന് തുല്യമായ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഉണ്ടാവാം..ആ അർത്ഥങ്ങളിൽ എല്ലാം സർക്കാർ ജോലി ലഭിച്ചു എന്നത് വളരെ വലിയ അനുഗ്രഹമാണ് എന്നുള്ളത് പറയേണ്ടത് തന്നെയാണ്.
ഏകദേശം നാലഞ്ചുവർഷം കാത്തിരുന്നു - ആഗ്രഹിച്ചു - പ്രാർത്ഥിച്ചു കിട്ടിയത് തന്നെയാണ് ഈ സർക്കാർ ജോലി.
അതിനുവേണ്ടി ഒരുപാട് സഹായിച്ചവരുണ്ട്.
പ്രത്യേകിച്ച് മുമ്പ് സൂചിപ്പിച്ച പോലെ ഗഫൂർക്കാ...🤲
എനിക്ക് ഈ ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ച കുടുംബ ബന്ധുക്കളും പരിചയക്കാരും ഒരുപാടുണ്ട്.
ഏതായാലും അൽഹംദുലില്ലാഹ്...സർക്കാർ ജോലി കിട്ടി.അതിൽ തുടരുന്നു... നിലനിന്നു കിട്ടാൻ വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കുന്നു.
സർക്കാർ ജോലി കിട്ടിയത് കൊണ്ട് മുമ്പുണ്ടായിരുന്ന കുറേ കടങ്ങൾ തീർക്കാൻ സാധിച്ചു.ജീവിതത്തിന്റെ ഭാഗമായ ചില അത്യാവശ്യങ്ങൾ നിർവഹിക്കാൻ സാധിച്ചു.
അൽഹംദുലില്ലാഹ്...
കേവലം കിട്ടുന്ന ശമ്പളം കൊണ്ട് പരിഹരിക്കാൻ സാധിക്കാത്ത ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം സഹായിച്ച ഒരുപാട് സുഹൃത്തുക്കളും ജേഷ്ഠ സുഹൃത്തുക്കളും ഉണ്ട്.അവർക്കെല്ലാം അർഹിച്ച പ്രതിഫലം ലഭിക്കട്ടെ...🤲
നിലവിലെ ഒരു ആഗ്രഹം എന്ന രൂപത്തിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വീട് പണി - അതിന്റെ തറയുടെ പണി പൂർത്തിയാവാൻ തന്നെ സഹായിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്.ഒരുപക്ഷേ മാസത്തിൽ കിട്ടുന്ന തുകയുടെ പകുതിയിലധികം വീടുപണിക്ക് മാറ്റിവച്ചാൽ മാത്രമേ അല്പം എന്തെങ്കിലും ആവുകയുള്ളൂ...എങ്കിൽപോലും അത്തരത്തിൽ മാസാമാസം കിട്ടുന്നതിന്റെ പകുതിയിലധികം മാറ്റിവച്ചാൽ തന്നെയും ഒരു പക്ഷേ ഇപ്പോൾ വീടിന്റെ തറയുടെ പണി പൂർത്തിയാക്കാൻ സാധിക്കുമായിരുന്നില്ല.നേരത്തെ പറഞ്ഞ രൂപത്തിൽ ഒരു ഒരുപാട് ആളുകൾ കടം തന്നു കൊണ്ടും അല്ലാതെയും സഹായിച്ചത് തന്നെയാണ് കാരണമായത്.
ഇനി വീടുപണിയുടെ ബാക്കി കാര്യങ്ങൾ - ഓരോ മാസവും കിട്ടുന്നതിന്റെ പകുതിയിലധികം അതിനു വേണ്ടി നീക്കി വെക്കുന്നു.എങ്കിൽ പോലും അതുമാത്രം അവലംബിച്ചാൽ ഇനിയും വർഷങ്ങൾ കൊണ്ടു മാത്രമേ സ്വാഭാവികമായി വീടിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ...കാരണം നിലവിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വീട് പണി പൂർത്തിയാക്കാൻ വലിയ സാമ്പത്തിക ബാധ്യത തന്നെയുണ്ട്.ഏതായാലും നമ്മൾ സാമ്പത്തികമായും ശാരീരികമായും പരിശ്രമിക്കുന്നു.ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു.നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ ഉണ്ട്.നമ്മെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിക്കുന്നവർ ഉണ്ട്.റബ്ബിന് തന്നെയാണ് തൗഫീഖ് നൽകാൻ സാധിക്കുക.
താൽക്കാലികമായി ഈ ചെറിയ അനുഭവ കഥ അവസാനിപ്പിക്കുമ്പോൾ ഓർമ്മപ്പെടുത്താനുള്ളത് പരസ്പരം നല്ലത് വരാൻ വേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നുള്ളതാണ്.അങ്ങോട്ടുമിങ്ങോട്ടും സാധ്യമാകുന്ന രൂപത്തിൽ സഹായിക്കുക എന്നുള്ളതാണ്.
മറ്റുള്ളവരെ ഏതു രൂപത്തിൽ സഹായിക്കാൻ ശ്രമിച്ചാലും
മറ്റുള്ളവർക്ക് നന്മ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാലും
അതിന്റെ ഒരു ഗുണം എന്ന രൂപത്തിൽ സ്വന്തം ജീവിതത്തിൽ ചില നന്മകൾ ഉണ്ടാവും എന്നുള്ളതാണ്.
ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്.
അവയെ പോസിറ്റീവായി എടുത്താൽ മാത്രമേ മറികടക്കാൻ സാധിക്കൂ...
പരിശ്രമിച്ചാൽ മാത്രമേ ആശ്വാസം ലഭിക്കൂ...
പ്രാർത്ഥന കൂടി ഉണ്ടായാലേ വിടുതി ലഭിക്കൂ...
ഇപ്പോൾ കയറ്റം കയറുകയാണെങ്കിൽ വൈകാതെ ഒരു ഇറക്കം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ